Sunday, July 28, 2013

janmastami


കളിയരങ്ങിലെ കൃഷ്ണവേഷത്തിന്‌ അംഗീകാരമായി ജന്മാഷ്ടമി പുരസ്കാരം

കോഴിക്കോട്‌: കളിയരങ്ങിലെ കൃഷ്ണവേഷത്തിന്‌ അംഗീകാരമായി ജന്മാഷ്ടമി പുരസ്കാരം എത്തിയപ്പോള്‍ അത്‌ ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹമെന്ന്‌ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. ആലുവ ബാലസംസ്കാരകേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരത്തിനര്‍ഹനായ വിവരം ഗുരുവിന്റെ വീട്ടില്‍ അറിയിക്കാനെത്തിയ ബാലഗോകുലം സംഘത്തോടുള്ള ഗുരുവിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്‌.

നിരവധി പുരസ്കാരങ്ങള്‍ എത്തിയ കൊയിലാണ്ടി ചേലിയയിലെ ‘യമുന’ വീട്ടിലേക്ക്‌ അവാര്‍ഡിനര്‍ഹമായ വിവരം അറിയിക്കാന്‍ എത്തിയപ്പോള്‍ ഗുരു ആദ്യമൊന്നു സംശയിച്ചു. എന്തായിരിക്കും വരവിന്റെ ഉദ്ദേശ്യമെന്ന്‌. അവാര്‍ഡ്‌ ജേതാവിനെ നേരിട്ട്‌ വിവരം അറിയിക്കാന്‍ എത്തിയതാണെന്നറിഞ്ഞപ്പോള്‍ ഗുരുവിന്‌ അതിലേറെ സന്തോഷം. ബാലഗോകുലം കുട്ടികളിലേക്ക്‌ പകര്‍ന്ന്‌ നല്‍കുന്ന സംസ്കാരത്തിന്റെ ഭാഗമാണ്‌ ഈ സന്ദര്‍ശനമെന്നും സംഘാംഗങ്ങള്‍ വിവരിച്ചു. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്ടി.പി. രാജന്‍ മാസ്റ്റര്‍, അവാര്‍ഡ്‌ നിര്‍ണയ സമിതി അംഗം ഡോ. പ്രിയദര്‍ശന്‍ലാല്‍, ബാലസംസ്കാരകേന്ദ്രം ജനറല്‍ സെക്രട്ടറി എസ്‌. ജയകൃഷ്ണന്‍ എന്നിവരായിരുന്നു സംഘത്തില്‍. എസ്‌. ജയകൃഷ്ണന്‍ ഗുരുവിനെ പൊന്നാട അണിയിച്ചു. ഗുരുവിന്റെ മരുമക്കളായ കെ.പി. വിജയന്‍, ശങ്കരന്‍, ശങ്കരന്റെ ഭാര്യ ഗീത എന്നിവര്‍ ചേര്‍ന്ന്‌ അതിഥികളെ സ്വീകരിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്‌, കോഴിക്കോട്‌ മേഖലാ സെക്രട്ടറി എം. സത്യന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി വി. ബാബു എന്നിവരും പുരസ്കാര വിവരം അറിയിക്കാന്‍ എത്തിയ സംഘത്തിനോടൊപ്പം ഗുരുവിന്റെ വീട്ടിലെത്തിയിരുന്നു.

98-ാ‍ം വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും കഥകളിയും ഗുരു സ്ഥാപിച്ച കഥകളി ചേലിയ വിദ്യാലയവും തന്നെയാണ്‌ ഗുരുവിന്റെ ലോകം. പിന്നെ ഗുരുവിനൊപ്പം അല്‍പനേരം ചേലിയ കഥകളി വിദ്യാലയത്തില്‍. ജീവിതത്തില്‍ ചവിട്ടിക്കയറിയ പടവുകളെക്കുറിച്ചു പറയുമ്പോള്‍ ഗുരുവിന്റെ മുഖത്ത്‌ വിടര്‍ന്നത്‌ നവരസഭാവം. ഇടത്തരം വേഷമായ കൃഷ്ണവേഷം അഭിനയ സിദ്ധികൊണ്ട്‌ കഥകളിയരങ്ങില്‍ നിറഞ്ഞാടുകയായിരുന്നു ഗുരു. ഗുരുവിന്റെ കൃഷ്ണവേഷം കാണാന്‍ മാത്രമായി കഥകളി പ്രേമികള്‍ കളിവിളക്കിന്‌ ചുറ്റും ഒത്തുകൂടിയിരുന്നു. എണ്ണിയാല്‍ ഒടുങ്ങാത്തത്ര ശിഷ്യസമ്പത്തും ചേലിയയുടെ സ്വന്തം ഗുരുവിനുണ്ട്‌. പരേതയായ ജാനകിയാണ്‌ ഗുരുവിന്റെ ഭാര്യ. ഏക മകന്‍ പവിത്രന്‍നായര്‍ ആര്‍മിയില്‍ നിന്നും വിരമിച്ചശേഷം മുംബൈയില്‍ താമസിക്കുന്നു. മരുമകള്‍ നളിനി. സഹോദരി പുത്രന്‍ പൊയില്‍ക്കാവ്‌ എച്ച്‌.എസ്‌.എസ്‌ റിട്ട. പ്രധാനധ്യാപകന്‍ ശങ്കരനും ഭാര്യ ഗീതയ്ക്കുമൊപ്പമാണ്‌ ഗുരു താമസിക്കുന്നത്‌.

പി. ഷിമിത്ത്‌

janmastami award



ജന്മാഷ്ടമി പുരസ്കാരം നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്‌

കോഴിക്കോട്‌: ആലുവ ബാലസംസ്കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്‌. ശ്രീകൃഷ്ണവേഷത്തില്‍ ദീര്‍ഘകാലം കേരളത്തിന്റെ കഥകളിയരങ്ങില്‍ നിറഞ്ഞാടിയതിനാണ്‌ 98ലെത്തിയ ഗുരുവിനെത്തേടി പുരസ്കാരം എത്തിയത്‌. 25,000 രൂപയും കീര്‍ത്തിപത്രവും ആര്‍ട്ടിസ്റ്റ്‌ കെ.കെ. വാര്യര്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ്‌ പുരസ്കാരമെന്ന്‌ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്ടി.പി. രാജന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം ജനറല്‍ സെക്രട്ടറി എസ്‌. ജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൃഷ്ണദര്‍ശനത്തില്‍ അധിഷ്ഠിതമായ കലാ-സാഹിത്യ-സാംസ്കാരിക ജീവിതത്തിനുള്ള അംഗീകാരമാണ്‌ ആലുവ ബാലസംസ്കാര കേന്ദ്രം ഓരോ വര്‍ഷവും ജന്മാഷ്ടമിയോടനുബന്ധിച്ചു നല്‍കിവരുന്ന പുരസ്കാരം.

തപസ്യ കലാ-സാഹിത്യവേദിയുടെ അധ്യക്ഷന്‍ കവി എസ്‌. രമേശന്‍ നായര്‍ ചെയര്‍മാനും കലാമണ്ഡലം സുഗന്ധി, ഡോ. പ്രിയദര്‍ശന്‍ലാല്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം ജനറല്‍ സെക്രട്ടറി എസ്‌. ജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്കാര നിര്‍ണയ സമിതിയാണ്‌ ഗുരു ചേമഞ്ചേരിയെ തിരഞ്ഞെടുത്തത്‌. കഥകളിക്കും നൃത്തരൂപങ്ങള്‍ക്കും കളരിയൊരുക്കി ആയിരക്കണക്കിനു ശിഷ്യപ്രതിഭകളെ സൃഷ്ടിക്കുകയും കേരളത്തിലും വിദേശങ്ങളിലും അനേകം വേദികളില്‍ കൃഷ്ണഭാവങ്ങള്‍ നിറയ്ക്കുകയും ചെയ്ത ഗുരു ചേമഞ്ചേരിയുടെ സമര്‍പ്പിതമായ കലാജീവിതം അംഗീകാരങ്ങളും പുരസ്കാരങ്ങളും കൊണ്ടു നിറഞ്ഞതാണെന്നു സമിതി വിലയിരുത്തി.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച്‌ ആഗസ്ത്‌ 23ന്‌ കോഴിക്കോട്ട്‌ സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്‌, കോഴിക്കോട്‌ മേഖലാ സെക്രട്ടറി എം. സത്യന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി വി. ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.